You are currently viewing ഓൺലൈൻ പരസ്യം നൽകുമ്പോൾ അറിഞ്ഞിരിക്കേണ്ട പ്രധാന കാര്യങ്ങൾ
Image by muneebfarman from Pixabay

ഓൺലൈൻ പരസ്യം നൽകുമ്പോൾ അറിഞ്ഞിരിക്കേണ്ട പ്രധാന കാര്യങ്ങൾ

ആമുഖം

“നാടോടുമ്പോൾ നടുവേ ഓടണം” എന്നൊരു ചൊല്ലുണ്ട് അതുപോലെ തന്നെ കാലം മാറുന്നതനുസ​രിച്ച് നമ്മുടെ കച്ചവട തന്ത്രങ്ങളും മാറ്റിയില്ലെങ്കിൽ ഏതൊരു സ്ഥാപനത്തിന്റെയും നിലനിൽപ്പ് അപകടത്തിലാവും. ഇപ്പോൾ മഹാഭൂരിപക്ഷം ആളുകളുടെയും ഒരു ദിവസത്തെ പരിപാടികളിൽ നല്ലൊരു സമയവും ചിലവഴിക്കുന്നത് ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ ആണ്. അതു ചിലപ്പോൾ ഫേസ്ബുക്കും യൂട്യൂബും പോലെയുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളോ മറ്റേതെങ്കിലും ഇൻഫോർമേറ്റീവ് ആയിട്ടുള്ള വെബ്സൈറ്റുകളോ അല്ലെങ്കിൽ സെർച്ച് എഞ്ചിനുകളോ ആകാം. അതുകൊണ്ടു തന്നെ എല്ലാ മേഖലയിലും ഉള്ള ബിസിനസ് സ്ഥാപനങ്ങൾക്കും അവരുടെ ഉൽപ്പന്നങ്ങൾ പ്രദർശിപ്പിക്കാനും കസ്റ്റമേഴ്സിനോട് പറയാനുള്ള കാര്യങ്ങൾ എളുപ്പത്തിൽ അവരുടെ മുൻപിൽ എത്തിക്കാനുമുള്ള മാർഗ്ഗം ഇതുപോലെയുള്ള ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ പരസ്യങ്ങൾ നൽകുക എന്നുള്ളതാണ്.

പരസ്യം നൽകേണ്ട പ്ലാറ്റ്ഫോം തിരഞ്ഞെടുക്കൽ

ഒരു ഹോട്ടലിന്റെ പരസ്യമാണ് നിങ്ങൾ നൽകുന്നത് എങ്കിൽ ഹോട്ടലിലെ റൂമുകളുടെ പരസ്യം ഗൂഗിൾ സെർച്ച്, ഗൂഗിൾ മാപ് എന്നിവയിൽ നൽകുകയും റസ്റ്റോറന്റിലെ പരസ്യം ഫേസ്ബുക്ക് ഇൻസ്റ്റാഗ്രാം പോലെയുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ നൽകുകയും ചെയ്യുന്നതാണ് ഉചിതം.

ഇപ്പോൾ കൂടുതൽ ആളുകളും ഗൂഗിൾ മാപ്പ് ഉപയോഗിച്ചാണ് യാത്ര ചെയ്യുന്നത് അതുകൊണ്ടു തന്നെ യാത്രാ വേളകളിൽ മുറികൾ എടുക്കുന്നതിന് വേണ്ടി ഗൂഗിൾ മാപ്പിൽ ഹോട്ടലുകൾ സേർച്ച് ചെയ്യുന്നത് സർവ്വസാധാരണമാണ്. യാത്ര മുൻകൂട്ടി പ്ലാൻ ചെയ്യുന്ന ആളുകൾ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് ഗൂഗിൾ ക്രോമിലും സെർച്ച് ചെയ്യാറുണ്ട്. അപ്പോൾ അവരുടെ മുമ്പിൽ നമ്മളുടെ ഹോട്ടലിന്റെ പരസ്യങ്ങൾ എത്തിച്ചാൽ അവർ നമ്മുടെ ഹോട്ടലിൽ മുറികൾ എടുക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. അതേസമയം റസ്റ്റോറന്റുകളിൽ എന്തെങ്കിലും പ്രത്യേകത തരത്തിലുള്ള വിഭവങ്ങൾ, ഉദാഹരണത്തിന് ‘സീ ഫുഡ് മേള’ പോലെയുള്ള എന്തെങ്കിലും പരിപാടികൾ സംഘടിപ്പിക്കുകയാണെങ്കിൽ ഫേസ്ബുക്കിലോ ഇൻസ്റ്റാഗ്രാമിലോ പരസ്യങ്ങൾ നൽകാൻ സാധിച്ചാൽ ഈ സോഷ്യൽ മീഡിയ മാധ്യമങ്ങൾ കണ്ടുകൊണ്ടിരിക്കുന്ന എല്ലാ ആളുകളുടെ പക്കലും നിങ്ങളുടെ പരസ്യം എത്തുകയും അവർക്ക് താല്പര്യം ആണെങ്കിൽ നിങ്ങളുടെ റസ്റ്റോറന്റിൽ വന്ന് അത് കഴിക്കാൻ ഉള്ള പ്രേരണ ഉണ്ടാവുകയും ചെയ്യും.

ഈ രണ്ട് പരസ്യങ്ങളുടെ കാര്യത്തിലും പരസ്യങ്ങൾ കാണിക്കേണ്ട പ്ലാറ്റ്ഫോമുകൾ നിശ്ചയിക്കുന്നത് വളരെ പ്രധാനമാണ് റൂമുകളുടെ പരസ്യം സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ കാണിക്കുന്നത് കൊണ്ട് വലിയ പ്രയോജനം ഉണ്ടാകാൻ സാധ്യതയില്ല അതുപോലെതന്നെ റസ്റ്റോറന്റുകളുടെ പരസ്യം ഗൂഗിൾ സെർച്ചിലോ ഗൂഗിൾ മാപ്പിലോ കാണിക്കുന്നതിനേക്കാൾ കൂടുതൽ ഗുണം ചെയ്യുന്നത് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ കാണിക്കുന്നതായിരിക്കും. ഇത് എൻ്റെ വ്യക്തിപരമായ അഭിപ്രായമാണ് നിങ്ങളുടെ കസ്റ്റമേഴ്സിനെ ശരിക്കും മനസ്സിലാക്കി വേണം നിങ്ങൾ ഓൺലൈൻ പരസ്യങ്ങൾ നൽകാൻ അങ്ങനെയാണെങ്കിൽ തീർച്ചയായും നിങ്ങൾക്ക് നിങ്ങളുടെ ബിസിനസ്സിൽ വലിയ മുന്നേറ്റം ഉണ്ടാക്കാൻ ഓൺലൈൻ പരസ്യങ്ങൾ സഹായിക്കും.

പരസ്യ തന്ത്രങ്ങൾ

മിക്ക ആളുകൾക്കും എങ്ങനെയാണ് പരസ്യം ചെയ്യേണ്ടത് എന്ന കാര്യത്തിൽ വലിയ ധാരണയില്ല. പരസ്യം നൽകാൻ ഏതെങ്കിലും ഒരു ഏജൻസിയെ ഏൽപ്പിച്ചത് കൊണ്ട് മാത്രം നിങ്ങളുടെ ബിസിനസിന് പുരോഗതി ഉണ്ടാവണമെന്നില്ല. നിങ്ങളുടെ ബിസിനസിന്റെ സ്വഭാവത്തിനനുസരിച്ച് നിങ്ങളുടെ കസ്റ്റമേഴ്സ് പല വിഭാഗത്തിൽപ്പെടുന്ന ആളുകൾ ആയിരിക്കാം. നിങ്ങളുടെ പരസ്യം എല്ലാവരെയും കാണിക്കുന്നതിന് പകരം ആ വിഭാഗത്തിൽപ്പെട്ട ആളുകളെ മാത്രം കാണിക്കുകയാണെങ്കിൽ നിങ്ങൾക്ക് കുറഞ്ഞ ചെലവിൽ കൂടുതൽ കസ്റ്റമേഴ്സിനെ ലഭിക്കാൻ അത് സഹായകരമാകും.

നിങ്ങൾ നൽകുന്ന പരസ്യങ്ങളുടെ സ്വഭാവം എന്തായിരിക്കണം എന്നുള്ളത് വളരെ ശ്രദ്ധാപൂർവ്വം ആലോചിച്ചു തീരുമാനിക്കേണ്ടതാണ്. എന്തെങ്കിലും തരത്തിലുള്ള സർവീസുകൾ ആണ് നിങ്ങൾ നൽകുന്നത് എങ്കിൽ നിങ്ങളുടെ കസ്റ്റമേഴ്സ് എങ്ങനെയുള്ള സാഹചര്യങ്ങളിൽ ആണ് നിങ്ങളെ ബന്ധപ്പെടാൻ ആഗ്രഹിക്കുന്നത് എന്ന് കൃത്യമായി മനസ്സിലാക്കി അവരിലേക്ക് എത്താൻ സാധിക്കണം. ആക്സിഡന്റിൽ പെട്ടതും ബ്രക്ക്ഡൗൺ ആയതുമായ വാഹനങ്ങൾ ടോ ചെയ്തു കൊണ്ടുപോകുന്ന സർവീസ് നടത്തുന്ന ഒരു സ്ഥാപനത്തിന്റെ വെബ്സൈറ്റ് സന്ദർശിക്കാനോ വിശദാംശങ്ങൾ തിരക്കാനോ ഒന്നും ആളുകൾ താൽപര്യം കാണിക്കാറില്ല. അവർ എത്രയും പെട്ടെന്ന് ടോയിങ് സർവീസ് നൽകുന്ന ഒരു സ്ഥാപനത്തിന്റെ ഫോൺ നമ്പർ ആയിരിക്കും അന്വേഷിക്കുന്നത്. ഗൂഗിൾ സെർച്ചിലോ ഗൂഗിൾ മാപ്പിലോ അവർ ടോയിങ് സർവീസ് തിരയുമ്പോൾ നമ്മളുടെ സ്ഥാപനത്തിന്റെ ഫോൺ നമ്പർ ഒറ്റ ക്ലിക്കിൽ കോൾ ചെയ്യാവുന്ന വിധത്തിൽ അവരുടെ മുൻപിലേക്ക് എത്തിക്കാൻ സാധിച്ചാൽ തീർച്ചയായിട്ടും അവർ നിങ്ങളെ വിളിക്കുന്നതാണ്. അങ്ങനെയുള്ള സ്ഥാപനങ്ങൾക്ക് വേണ്ടി “Call Only” ക്യാമ്പയിനുകൾ ഗൂഗിൾ ആഡ്സിൽ ചെയ്യാൻ സാധിക്കുന്നതാണ്.

നേരെമറിച്ച് എന്തെങ്കിലും തരത്തിലുള്ള റിപ്പയർ സർവീസുകളോ കോൺട്രാക്ട് വർക്കുകളോ ആണ് നിങ്ങൾ നൽകുന്നതെങ്കിൽ ആളുകൾ തീർച്ചയായും നിങ്ങളുടെ സർവീസിനെ കുറിച്ച് കൂടുതൽ അന്വേഷിക്കാൻ തയ്യാറാവും. അങ്ങനെയുള്ള ബിസിനസുകളെ സംബന്ധിച്ചിടത്തോളം ആളുകളെ അവരുടെ വെബ്സൈറ്റിലേക്ക് ആകർഷിച്ച് അവർക്ക് നിങ്ങളുടെ സർവീസുകളെ കുറിച്ചുള്ള ധാരണയും വിശ്വാസവും നൽകാൻ സാധിച്ചാൽ മാത്രമേ അവർ താൽപര്യം കാണിക്കുകയുള്ളൂ. അങ്ങനെയുള്ള സാഹചര്യങ്ങളിൽ “വെബ്സൈറ്റ് ട്രാഫിക്” എന്ന ലക്ഷ്യം നൽകി ഗൂഗിൾ ആഡ്സ് ചെയ്യാവുന്നതാണ്.

പരസ്യം നൽകുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

കുട്ടികൾക്കായി മാത്രമുള്ള ഒരു വസ്ത്ര വ്യാപാരശാല നടത്തുന്ന ആളാണ് നിങ്ങൾ എന്ന് വിചാരിക്കുക. സ്വാഭാവികമായും കുട്ടികൾക്കുള്ള വസ്ത്രങ്ങൾ വാങ്ങുന്നതിൽ നല്ലൊരു ശതമാനം ആളുകളും ഇരുപത്തിയഞ്ചോ മുപ്പതോ വയസ്സിനു മുകളിൽ പ്രായമുള്ളവർ ആയിരിക്കും. ഓൺലൈൻ പരസ്യങ്ങൾക്കുള്ള പ്രത്യേകത, അത് ഓരോ വ്യക്തിയെയും കാണിക്കുന്നതിന് അനുസരിച്ചാണ് പരസ്യദാതാക്കൾ പണം നൽകേണ്ടത് എന്നതാണ്. അതുകൊണ്ടു തന്നെ നിങ്ങളുടെ ഉൽപ്പന്നങ്ങൾ വാങ്ങാൻ സാധ്യതയുള്ള ആളുകളെ മാത്രം പരസ്യം കാണിക്കുകയാണെങ്കിൽ നിങ്ങൾക്ക് വളരെ കുറഞ്ഞ ചെലവിൽ ബിസിനസ് വർദ്ധിപ്പിക്കാൻ സാധിക്കും. ഓൺലൈൻ പരസ്യങ്ങളിൽ ഓഡിയൻസിനെ തിരഞ്ഞെടുക്കാൻ ഒട്ടനവധി ഓപ്ഷനുകൾ ഉണ്ട് പ്രായം അതിലൊരു ഓപ്ഷൻ മാത്രമാണ്, ജെൻഡർ ഒരു ഓപ്ഷനാണ്. സ്ത്രീകൾ മാത്രം കാണണോ പുരുഷന്മാർ മാത്രം കാണണോ അങ്ങനെയുള്ള കാര്യങ്ങളും നമുക്ക് സെലക്ട് ചെയ്തു കൊടുക്കാവുന്നതാണ്.

കൂടാതെ നിങ്ങളുടെ പരസ്യങ്ങൾ ഏതെല്ലാം സ്ഥലങ്ങളിൽ കാണിക്കണം എന്ന് കൃത്യമായി നിർദ്ദേശിക്കാൻ സാധിക്കും. ഉദാഹരണത്തിന് നിങ്ങളുടെ റസ്റ്റോറൻറ് തിരുവനന്തപുരത്ത് ആണെങ്കിൽ തിരുവനന്തപുരത്ത് നിങ്ങളുടെ റസ്റ്റോറൻ്റ് ഇരിക്കുന്ന സ്ഥലത്ത് നിന്ന് 5 കിലോമീറ്റർ റേഡിയസിലോ 10 കിലോമീറ്റർ റേഡിയസിലോ നിങ്ങളുടെ ഇഷ്ടത്തിന് അനുസരിച്ച് ഒരു ദൂരപരിധി നിശ്ചയിച്ച് അതിനുള്ളിൽ ഉൾപ്പെടുന്ന ആളുകളെ മാത്രം പരസ്യം കാണിക്കാൻ നിർദ്ദേശം നൽകാവുന്നതാണ്.

ഇവിടെ ഞാൻ പറഞ്ഞ കാര്യങ്ങൾ വളരെ ബേസിക് ആയിട്ടുള്ള കാര്യങ്ങളാണ് ഓൺലൈൻ പരസ്യങ്ങളിൽ വളരെ അഡ്വാൻസ്ഡ് ആയിട്ട് ചെയ്യാൻ സാധിക്കുന്ന കാര്യങ്ങളുണ്ട്. ഉദാഹരണത്തിന് ആൻഡ്രോയിഡ് ഫോണുകൾ ഉള്ള എല്ലാവർക്കും ഒരു ജിമെയിൽ അക്കൗണ്ട് കാണും. നമ്മുടെ സോഷ്യൽ മീഡിയ ആക്ടിവിറ്റീസും ഗൂഗിൾ ക്രോമിലുള്ള നമ്മളുടെ സേർച്ചുകളും ആമസോൺ, ഫ്ലിപ്കാർട്ട് തുടങ്ങിയ വെബ്സൈറ്റുകളിലൂടെ നമ്മൾ വാങ്ങുന്ന ഉൽപ്പന്നങ്ങളും എല്ലാം ഗൂഗിൾ മോണിറ്റർ ചെയ്യുന്നുണ്ട് എന്നുള്ള കാര്യം നമുക്കെല്ലാവർക്കും അറിയാം. അതിന്റെ​​ എല്ലാം അടിസ്ഥാനത്തിൽ ഗൂഗിൾ നമുക്ക് ഒരു മാർക്ക് ഇട്ടിട്ടുണ്ട്. അതായത് ഗൂഗിൾ ഉപയോഗിക്കുന്ന എല്ലാവരെയും അവരുടെ ക്രയവിക്രയ ശേഷി അഥവാ പണം ചിലവാക്കാനുള്ള താൽപര്യവും കഴിവും മനസ്സിലാക്കി പത്ത് ഗ്രൂപ്പുകളായി തിരിച്ചിട്ടുണ്ട്.

ഞാനും നിങ്ങളും ഉൾപ്പെടുന്ന, ഗൂഗിൾ ഉപയോഗിക്കുന്ന എല്ലാവരും ഇതിൽ ഏതെങ്കിലും ഒരു ഗ്രൂപ്പിൽ ഉൾപ്പെട്ടിട്ടുണ്ടാവും. നിങ്ങൾ ഒരു പരസ്യം കൊടുക്കുമ്പോൾ നിങ്ങളുടെ ഉൽപ്പന്നങ്ങളുടെ വിലയും അവ വാങ്ങാൻ സാധ്യതയുള്ള ആളുകളെയും മനസ്സിലാക്കി അങ്ങനെയുള്ള ആളുകൾക്ക് മാത്രം പരസ്യം എത്തിക്കാൻ സാധിക്കും. നിങ്ങളുടെ നിലവിലുള്ള കസ്റ്റമേഴ്സിന്റെ ഫോൺ നമ്പറും ഇമെയിൽ ഐഡിയും ലഭ്യമാണെങ്കിൽ അവ നിങ്ങളുടെ പരസ്യത്തിന്റെ കൂടെ അപ്‌ലോഡ് ചെയ്താൽ ഗൂഗിൾ അവരുടെ ഡേറ്റകളും ക്രയവിക്രയ രീതികളും താൽപര്യങ്ങളും എല്ലാം പരിശോധിച്ച് അവരെപ്പോലെയുള്ള ആളുകളെ കണ്ടെത്തി അവർക്ക് പരസ്യം എത്തിച്ചു നൽകുന്നതാണ്.

ഓൺലൈൻ പരസ്യം നൽകുന്നതിനുള്ള ചിലവ്

ഇതാണ് നിങ്ങൾ ആദ്യം ചോദിക്കുന്ന ചോദ്യം അല്ലെങ്കിൽ കേൾക്കാൻ ആഗ്രഹിക്കുന്ന ഉത്തരം എന്ന് എനിക്കറിയാം. നിങ്ങളുടെ ബിസിനസ് അനുസരിച്ച് ഓൺലൈൻ പരസ്യങ്ങളുടെ ചിലവിലും വ്യത്യാസം വരും. എങ്കിലും ഏറ്റവും കുറഞ്ഞ തുക എത്രയാണെന്ന് ഞാൻ ഇവിടെ പറയാം.

ഗൂഗിൾ ആഡ്സ് ആണെങ്കിലും ഫേസ്ബുക്ക് പോലെയുള്ള മാധ്യമങ്ങൾ ആണെങ്കിലും പരസ്യത്തിനുള്ള തുക നിശ്ചയിക്കുന്നത് ഒരു ദിവസത്തേക്ക് എന്ന നിലയിലാണ്. അതായത് നമ്മൾ ടാർജറ്റ് കോസ്റ്റ് കൊടുക്കുമ്പോൾ ഒരു ദിവസം ഇത്ര രൂപയ്ക്ക് പരസ്യം ചെയ്യാൻ ആണ് ആവശ്യപ്പെടുന്നത്. പക്ഷേ ആ തുക കണക്കുകൂട്ടുന്നത് ഒരു മാസത്തെ അടിസ്ഥാനത്തിൽ ആയിരിക്കും. അതായത് ഒരു ദിവസത്തേക്ക് 100 രൂപ എന്ന് നമ്മൾ ടാർജറ്റ് കൊടുത്താൽ ഒരുമാസത്തേക്ക് 3000 രൂപ ആകും. അത് ഒരു ദിവസം കൃത്യമായി ₹100 വച്ച് ചിലവാക്കണമെന്ന് നിർബന്ധമില്ല, ഡെയിലി ടാർജറ്റ് പറയുന്നത് ആവറേജ് ആണ്. പക്ഷേ മാസാവസാനം അത് 3000 രൂപയിൽ നിൽക്കും. ഒരു ദിവസം 50 രൂപയെ ചിലവാക്കാൻ പറ്റിയുള്ളൂ എങ്കിൽ ബാക്കിയുള്ള 50 രൂപ പിന്നീട് വരുന്ന ഏതെങ്കിലും ദിവസങ്ങളിൽ ചിലവാക്കും. ഡെയിലി ടാർജറ്റ് നൽകുന്ന തുക നമുക്ക് എപ്പോൾ വേണമെങ്കിലും കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാൻ സാധിക്കും.

ഗൂഗിൾ അഡ്‌സിൽ ഒരു ദിവസം 300 രൂപയെങ്കിലും ടാർജറ്റ് കൊടുത്താൽ മാത്രമേ തുടക്കത്തിൽ നിങ്ങളുടെ പരസ്യം നല്ല രീതിയിൽ പ്രവർത്തിക്കുകയുള്ളൂ. മിനിമം 100 രൂപയെങ്കിലും കൊടുത്തില്ലെങ്കിൽ നിങ്ങളുടെ പരസ്യം പ്രവർത്തിക്കാനുള്ള സാധ്യത വളരെ കുറവാണ്. മുഴുവൻ തുകയും ഒരുമിച്ച് കൊടുക്കേണ്ട ആവശ്യമില്ല. 500 രൂപയോ അതിന് മുകളിലുള്ള ഒരു തുകയോ ഗൂഗിൾ അക്കൗണ്ടിൽ നിങ്ങൾക്ക് ആഡ് ചെയ്യാൻ സാധിക്കും അത് തീരുന്നതിനു മുമ്പായി വീണ്ടും ആഡ് ചെയ്താൽ മതി. അക്കൗണ്ടിലെ പണം തീർന്നു പോയാൽ ഗൂഗിൾ പരസ്യം നിർത്തുന്നതും പരസ്യത്തിന്റെ പെർഫോമൻസിനെ സാരമായി ബാധിക്കുന്നതുമാണ്. പണം തീരുന്നതനുസരിച്ച് നിങ്ങളുടെ അക്കൗണ്ടിൽ നിന്ന് ഓട്ടോമാറ്റിക് ആയിട്ട് ഗൂഗിളിലേക്ക് പണം അയക്കാൻ നിർദ്ദേശം നൽകാവുന്നതുമാണ്.

ഫേസ്ബുക്ക് പരസ്യങ്ങളുടെ കാര്യത്തിലും ഏതാണ്ട് ഇങ്ങനെയൊക്കെ തന്നെയാണ്. നൂറു രൂപയെങ്കിലും മിനിമം കൊടുക്കേണ്ടി വരും, തുടക്കത്തിൽ അത് മതിയാകും പിന്നീട് വേണമെങ്കിൽ കൂട്ടിയാൽ മതി. ഫേസ്ബുക്ക് അക്കൗണ്ടിൽ മുൻകൂറായി പണം നൽകേണ്ട ആവശ്യമില്ല. മാസാവസാനം നമ്മളുടെ അക്കൗണ്ടിൽ നിന്ന് പണം എടുക്കുകയാണ് ചെയ്യുന്നത്.

എങ്ങനെ ഓൺലൈൻ പരസ്യം ചെയ്യാം

ഓൺലൈൻ പരസ്യങ്ങൾ നൽകുന്നതിൽ വളരെ സങ്കീർണമായ പല കാര്യങ്ങളും ഉണ്ട്. അതെല്ലാം ഒന്നോ രണ്ടോ പോസ്റ്റുകളിലൂടെ വിവരിക്കുക സാധ്യമല്ല. അതുകൊണ്ടു തന്നെ നിങ്ങൾ നിങ്ങളുടെ ബിസിനസ് പരസ്യം ചെയ്യാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഒരു ഏജൻസിയെ ഏൽപ്പിക്കുന്നതിന് മുമ്പായി മുകളിൽ പറഞ്ഞ ബേസിക് ആയിട്ടുള്ള കാര്യങ്ങളിൽ കൃത്യമായ ഒരു കാഴ്ചപ്പാട് ഉണ്ടാവണം. അതിൽ നിങ്ങളുടെ കസ്റ്റമേഴ്സിനെ തിരിച്ചറിയാൻ സാധിക്കുക, എങ്ങനെ കൃത്യമായി അവരുടെ മുമ്പിൽ നിങ്ങളുടെ പരസ്യം എത്തിക്കാൻ സാധിക്കും എന്ന് മനസ്സിലാക്കുക, നിങ്ങളുടെ കസ്റ്റമേഴ്സിന് പൊതുവായുള്ള പ്രത്യേകതകൾ മനസ്സിലാക്കുക, തുടങ്ങിയ കാര്യങ്ങൾ പ്രധാനമാണ്.

നിങ്ങളുടെ ഉൽപ്പന്നം എന്തുതന്നെയായാലും അതിന് ആവശ്യക്കാർ ഉണ്ടാവും. അവരുടെ പക്കൽ കൃത്യമായി നിങ്ങളുടെ പരസ്യങ്ങൾ എത്തിക്കാൻ സാധിക്കുകയും നല്ല സർവീസും പരസ്യത്തിൽ പറയുന്നതിനോട് നീതിപുലർത്തുന്ന നല്ല ഉൽപ്പന്നങ്ങൾ നൽകുകയും ചെയ്താൽ തീർച്ചയായും നിങ്ങൾക്ക് നിങ്ങളുടെ ബിസിനസ് വിജയിപ്പിക്കാൻ സാധിക്കും.

നിങ്ങൾക്ക് ഓൺലൈൻ പരസ്യം ചെയ്യാൻ താല്പര്യം ഉണ്ടെങ്കിൽ ഫ്രീയായി ഞാൻ ചെയ്തു തരുന്നതാണ്. പത്ത് ദിവസം പരസ്യം ചെയ്തു കഴിയുമ്പോൾ നിങ്ങൾ തൃപ്തരാണെങ്കിൽ മാത്രം എന്റെ സർവീസ് ഫീ നൽകിയാൽ മതി, പരസ്യ ചിലവ് നിങ്ങൾ കൊടുക്കണം.

നിങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ വിളിക്കുകയോ വാട്സ്ആപ്പ് മെസ്സേജ് അയക്കുകയോ ചെയ്യാവുന്നതാണ്. അല്ലെങ്കിൽ നിങ്ങൾക്ക് Fiveer, Upwork, തുടങ്ങിയ വെബ്സൈറ്റുകളിലൂടെ ഫ്രീലാൻസായി പ്രവർത്തിക്കുന്ന എന്നെപ്പോലെയുള്ള ആളുകളെ കണ്ടെത്തി അവരെക്കൊണ്ട് പരസ്യം ചെയ്യിക്കാവുന്നതാണ്.

Call Me (+91 9495109872):👉 Call-Image

Whatsapp:👉 Whatsapp-logo-Image

Email:👉 Open-envelope-Image

Leave a Reply